തൊടുപുഴ: മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് ചെയര്‍മാനുമായ പി. ജെ. ജോസഫിന് സംഗീതാര്‍ച്ചനയുമായി ക്രിസ്തീയ ഭജന്‍ ഗ്രൂപ്പായ ദേവഗീതം ദേവഗിരി ഭജന്‍സ്.
എണ്‍പത്തഞ്ചാം പിറന്നാള്‍ ആഘോഷിച്ച അദ്ദേഹത്തിനുള്ള സമ്മാനമായാണ് നാദപ്രണാമം എന്ന പേരില്‍ ദേവഗീതം ഭജന്‍സ് പുറപ്പുഴയിലെ വസതിയില്‍ സംഗീതാര്ച്ചനയൊരുക്കിയത്.
കോട്ടയം കങ്ങഴ ദേവഗിരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മ തങ്ങളുടെ സംഗീതയാത്രയുടെ ഔദ്യോഗികമായ തുടക്കമെന്ന നിലയിലാണ് ഇന്നലെ സംഗീത സായാഹ്നം സംഘടിപ്പിച്ചത്. പി.ജെ. ജോസഫിനോടൊപ്പം ചീഫ് വിപ്പ് അപു ജോസഫും കുടുംബാംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു.
സംഗീതത്തെ നെഞ്ചേറ്റുകയും നിരവധി വേദികളില്‍ ഗാനങ്ങള്‍ ആലപിച്ച ഗായകന് കൂടിയാണ് പി.ജെ. ജോസഫ്. കലാകാരനെന്ന നിലയില്‍ അദ്ദേഹത്തിന് നല്കാന് കഴിയുന്ന മികച്ച ഉപഹാരമെന്ന നിലയിലാണ് ദേവഗീതം ഭജന്‍സ് ഗ്രൂപ്പ് സംഗീതവിരുന്ന് ഒരുക്കിയത്.
ആത്മീയതയും സംഗീതവും കോര്‍ത്തിണക്കി ജനഹൃദയങ്ങളിലേക്ക് ദൈവസ്നേഹം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കൂട്ടായ്മ രൂപീകരിച്ചത്. കേരളത്തിലുടനീളമുള്ള ആരാധനാലയങ്ങളിലും സാംസ്കാരികവേദികളിലും ക്രിസ്തീയ ഭജനുകള്‍ അവതരിപ്പിക്കാന്‍ ഇവര്‍ ലക്ഷ്യമിടുന്നുണ്ട്.
പ്രഭാഷകനും പരിശീലകനുമായ മോന്‍സി വര്‍ഗീസ് നേതൃത്വം നല്കുന്ന സംഘത്തില്‍ വൈ.ജെ. യാക്കൂബ്, ഷെല്ലി കുര്യന്, ജിനു കരോട്ട്, ഷിബു ഈപ്പന് വെണ്ണിക്കുളം എന്നിവരാണ് ഗായകര്‍. കൂടാതെ വാദ്യോപകരണ കലാകാരന്മാരായ ജിസണ് മണര്‍കാട്, ദിലീപ് കോട്ടയം, ലിജു ജോസഫ് ഇലന്തൂര്‍, ഷിജു പത്തനംതിട്ട, സെബാസ്റ്റ്യന്‍ കോട്ടയം എന്നിവരും സംഘത്തിലുണ്ട്.